മാപ്പിളപ്പാട്ടിന്റെ നാൾവഴി
പ്രപഞ്ചോൽപ്പത്തി തന്നെ സംഗീത - താള നിബദ്ധമാണ്. സകല ജീവജാലങ്ങളുടെ ഹ്രദയമിടിപ്പും ചുവടുവെപ്പും ഗ്രഹങ്ങളുടെ ഭ്രമണവും എല്ലാം തന്നെ താളാധിഷ്ഠിതമാണ്.
ആദ്യം ഉണ്ടായത് ശബ്ദമാണ്.ശബ്ദം സംഗീതമാണ്. കാറ്റിന്റെയും കാട്ടാറുകളുടെയും തിരമാലകളുടെയും ശബ്ദങ്ങളിൽ സംഗീതം അലയടിക്കുന്നു. പറവകളുടെയും ജന്തുജാലങ്ങളുടെയും ശബ്ദവും സംഗീതമയം തന്നെ.
മനഷ്യർ ഏറെക്കാലം ശബ്ദിച്ചതിന്റെ ഫലമായി സംസാരഭാഷയുണ്ടായി.സംസാരഭാഷക്ക് ഈണങ്ങളുണ്ടായി.ഈണത്തിനൊത്ത് ചുവടുവെപ്പുകളുണ്ടായി. ചുവടുകൾ നൃത്തങ്ങളായി.അങ്ങിനെയാണ് പ്രപഞ്ചത്തിൽ സംഗീതവും കലയും രൂപപ്പെടുന്നത്.
വിവിധ ദേശങ്ങളിലായി സമൂഹവും ഗോത്രങ്ങളും രൂപപ്പെട്ടു. അവർ സന്തോഷത്തിലും സന്താപത്തിലും ഒറ്റയായും സംഘം ചേർന്നും പാടി.
മനുഷ്യൻ കാലാകാലങ്ങളിൽ ജീവിച്ചതിലൂടെ ഓരോ സമൂഹത്തിനും അവരുടെ ജീവിതരീതിക്കനുസരിച്ചും വിശ്വാസങ്ങൾക്കനുവരിച്ചും പലതരം ആചാരങ്ങളും അനുഷ്ടാനങ്ങളും രൂപപ്പെട്ടു.അങ്ങിനെ ഓരോ ദേശത്തും ഓരോ സമൂഹത്തിലും ജാതിയിലും ഉപജാതിയിലും വ്യത്യസ്തങ്ങളായ ഗാനങ്ങളും കലാരൂപങ്ങളും പിറവിയെടുത്തു.
മനുഷ്യന്റെ ജീവിത വ്യാപാരങ്ങളിലൂടെ അവന്റെ ചിന്ത വളർന്നു.അങ്ങിനെ ശാസ്ത്രം ഉണ്ടായി. ഒരോ മേഖലയിലും വ്യത്യസ്ത ശാസ്ത്രങ്ങൾ രൂപപ്പെട്ടു. തച്ചുശാസ്ത്രം ഗണിത ശാസ്ത്രം ഗോള ശാസ്ത്രം ആരോഗ്യ ശാസ്ത്രം സംഗീത ശാസ്ത്രം.ക്രമേണ ഇവ പുരോഗമിച്ചു.
ശാസ്ത്രങ്ങൾ മനുഷ്യനിർമ്മിതിയാണ്. അതിന് മുമ്പേയുള്ളതാണ് പ്രപഞ്ചത്തിലെ ശബ്ദവും താളവും സംഗീതവുമെല്ലാം. (മാപ്പിളപ്പാട്ടിന്റെ ഗതി മാറ്റം - Dr VM കുട്ടി)
നാനാവിഭാഗങ്ങൾക്കിടയിൽ പ്രചുര പ്രചാരം നേടിയ നാടൻ പാട്ടുകളാണ് ആദ്യമായി കേരളത്തിൽ രൂപപ്പെട്ടത്. പിന്നീടാണ് മാപ്പിളപ്പാട്ട് രൂപപ്പെടുന്നത്. അറേബ്യയിൽനിന്നും കച്ചവട ആവശ്യത്തിനും മത പ്രബോധനത്തിനും കേരളക്കരയിലെത്തി വിവാഹ ബന്ധത്തിലൂടെ രൂപപ്പെടുത്തിയെടുത്ത ഒരു സമൂഹമാണ് മാപ്പിളമാരെന്ന് നമുക്കറിയാം, ഇസ്ലാം മതത്തിന് സ്വീകാര്യത വർധിച്ചതോടെ മാപ്പിള സമൂഹവും വളർന്നു . കേരളത്തിൽ പ്രചരിച്ച വിവിധ സംസ്കാരവും പുതുതായി പിറവി കൊണ്ട മപ്പിള സംസ്കാരവും കൂടിച്ചേർന്ന സങ്കരസംസ്കാരമാണ് മാപ്പിളമാർക്കുള്ളത്
അതിന്റെ തുടർച്ചയാണ് അറബി മലയാളത്തിന്റെ പിറവിയും .
......മാപ്പിളപ്പാട്ടിന്റെ തുടക്കം.....
കേരള മുസ്ലിംങ്ങളുടെ / മാപ്പിളമാരുടെ ഒരു സംഗീത ശാഖയാണ് മാപ്പിളപ്പാട്ട് . അറബി മലയാളമാണ് മാപ്പിളപ്പാട്ടിന്റെ ഭാഷ.
സംഗീത ഉപാസകരായി മാത്രം കഴിഞ്ഞ് കൂടിയവർക്കിടയിൽ നിന്നല്ല ഈ ഗാന ശാഖ വളർന്ന് വന്നത്. ദൈന്യം ദിന ജീവിത വ്യവഹാരങ്ങളെ പാട്ട് കൊണ്ട് തളാത്മകമാക്കുകയും ആസ്വാദ്യകരമാക്കുകയും ചെയ്ത സാധാരണ ജനതയുടെ ആവിശ്കാരമാണ് മാപ്പിളപ്പാട്ട്
മധുവൊഴുകുന്ന ഇശലുകളാണ് മപ്പിളപ്പാട്ടുകളെ ആകർഷണമാക്കുന്നത്. ഇഴൽ എന്ന തമിഴ് പഥത്തിൽ നിന്നാണ് ഇശൽ രൂപാന്തരപ്പെടുന്നത്. ഇശൽ രീതിയെ സൂചിപ്പിക്കുന്നതല്ല മാപ്പിളപ്പാട്ടിന്റെ അളവുകോലാണ് ഇശൽ . അറബി സംഗീതത്തിന്റെയും തമിഴ് ഇശൈകളുടേയും കേരളീയ ശീലുകളുടേയും തനി പകർപ്പുകളും പകർച്ചർച്ചകളും മാപ്പിളപ്പാട്ടുകളിൽ കാണാം.
കണ്ടെടുക്കപ്പെട്ട ആദ്യത്തെ മാപ്പിളപ്പാട്ട് കൃതിയായി കണക്കാക്കുന്നത് മുഹ്‌യിദ്ദീൻ മാലയാണ്
1607 ൽ ഖാളി മുഹമ്മദാണ് മുഹ്യുദ്ധീൻ മാല രചിച്ചത്. ഭക്തിയാണ് ഇതിലെ ഇതിവൃത്തം. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ചൻ രാമായണം എഴുതുന്നതിന്റെ അഞ്ച് വർഷം മുമ്പാണ് അറബി മലയാളത്തിൽ മുഹ്‌യുദ്ദീൻ മാല രചിക്കപ്പെട്ടത് എന്ന് കൂടെ ഓർക്കുക
" കൊല്ലം എഴുനൂറ്റി എൺപത്തിരണ്ടിൽ ഞാൻ
കോർത്തേ ഈ മാലേനെ നൂറ്റമ്പത്തഞ്ചുമ്മൽ
കോഴിക്കോട്ടത്തുറ തന്നിൽ പിറന്നോ വർ
കേർവ്വ ഇതൊക്കേയും നോക്കിയെടുത്തോവർ "
ഖാളി മുഹമ്മദ് മുഹ്യുദ്ധീൻ മാലയിൽ തന്നെ കൃതിയുടെ രചനാ കാലയളവ് രേഖപ്പെടുത്തിയത് കാണാം. കോഴിക്കോട് വെട്ടിച്ചിറയിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.
മുഹ്‌യുദ്ദീൻ മാലക്ക് ശേഷം 130 വർഷം കഴിഞാണ് കുഞ്ഞായിൻ മുസ്ലിയാർ നൂൽ മദ്ഹ് രചിക്കുന്നത്. പ്രവാചക പ്രകീർത്തനമായിരുന്നു ഉള്ളടക്കം. കുഞ്ഞായിൻ മുസ്‌ലിയാരെ രസിക ശിരോമണി മങ്ങാട്ടച്ചന്റെ കൂട്ടുകാരനായാണ് പലരും ധരിച്ചു വെച്ചത്. ദാർശികനായ ഒരു കവിയാണദ്ദേഹമെന്നത് പലർക്കും അറിയില്ല .കുഞ്ഞായിൻ മുസ്ലിയാരുടെ കപ്പപ്പാട്ട് പ്രസിദ്ധമാണ് മനുഷ്യ ജീവിതം കപ്പലിനോട് ഉപമിച്ചാണ് മുസ്ലിയാർ രചന നിർവ്വഹിച്ചത്
" കണ്ടിട്ടറിവാനോ കണ്ണില്ല പൊട്ടാ
കാരുണർ ചൊന്ന ചൊൽ കേട്ടില്ല പൊട്ടാ
പാലം മുറിഞ്ഞാൽ കടക്കാമൊ പൊട്ടാ ....
കരക്ക് അടുക്കുമെന്ന് ഉറപ്പാണ് എപ്പോഴാണെന്ന് അറിയില്ല. ഇത് പോലെയാണ് ജീവിതമെന്ന് കുഞ്ഞായിൻ മുസ്ലിയാർ കപ്പപ്പാട്ടിലൂടെ ഓർമ്മപ്പെടുത്തുന്നു
മോയിൻ കുട്ടി വൈദ്യരുടെ കാലഘട്ടമാണ് മാപ്പിളപ്പാട്ടിന്റെ സുവർണ്ണകാല ഘട്ടം എന്ന് തന്നെ പറയാം. കൊണ്ടോട്ടിയായിരുന്നു വൈദ്യരുടെ തട്ടകം. 1852 മുതൽ 1892 വരെയുള്ള 40 വർഷമാണ് ഭൂമി വാസം. ചുരുങ്ങിയ ജീവിത കാലത്ത് രചിക്കപ്പെട്ടതോ നൂറ്റാണ്ടുകൾ അതിജീവിച്ച മഹാ കൃതികൾ . ബദ്ർ , ഉഹ്ദ് . ഹിജ്റ, മലപ്പുറം പട, ബദറുൽ മുനീറും ഹുസ്നുൽ ജമാലും, തീവണ്ടി ചിന്ത് , സലീഖത്ത്, സലാസീൽ, കിളത്തിമാല, കുട്ടിക്കവിതകൾ .... ഇനിയുമെത്ര ?
മാപ്പിളപ്പാട്ടിനെ പ്രാസനിബന്ധതയിലേക്ക് കൊണ്ടുവന്ന കവിയാണ് മോയിൻ കുട്ടി വൈദ്യർ. കമ്പിയും കഴുത്തും വാൽ കമ്പിയും ചിറ്റെഴുത്തും , വാലുമ്മൽ കമ്പിയും തുടങ്ങി തനദ് മാപ്പിളപ്പാട്ടിന്റെ സൗന്ദര്യം വൈദ്യരുടെ രചനകളിൽ പ്രകടമായിരുന്നു. എല്ലാ ഭാഷകളും വൈദ്യർ മാപ്പിളപ്പാട്ടുകളിൽ കോർത്തു വെച്ചത് കാണാം
എണ്ട് കൊണ്ട് കഥ വിണ്ട്റാവി അണ
നിണ്ട ചണ്ട ഖുറൈഷൊക്കയും
ഏറ്റം ഏറ്റം ബഹു ഊറ്റം ഊറ്റമിലെ
തീറ്റി തീറ്റി വരവത്തരം ....
പുറപ്പെട്ട് അബു ജാഹിലുടൻ കിബ്ർ
പൊങ്കിയെളുന്ത് ലിബാസ് ചമയ്ന്ത്
പുതുമാകസബ് ഇട്ടുകൽബൈത്ത്
ഹരീ രുമുടുത്തിടവേ - മിക മിക
വായഫട്ടുകളാൽ - ഉളൽ മേൽമ ചട്ടകളും .......
പാടി പറയൽ സദസ്സുകളിലൂടെയായിരുന്നു ഇതിന്റെ അർത്ഥം ഗ്രഹിച്ചിരുന്നത്. ദിവസങ്ങളോളം പാടി പറയുന്ന വേദികൾ സംഘടിപ്പിക്കാൻ ഓരോ പ്രദേശത്തു കാരും ശ്രദ്ധ ചെലുത്തിയിരുന്നു. അതിനായി വിദഗ്ദ്ധരായ കാഥികർ ഈ മേഖലയിൽ ഇന്നുമുണ്ട്.
സ്വാതന്ത്ര്യ സമര കാലത്ത് വൈദ്യരുടെ പടപ്പാട്ടുകൾ ആവശത്തോടെ സമരക്കാർ ചൊല്ലിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്..
500 ൽ പരം മാലപ്പാട്ടുകൾ, 100 ൽ പരം പടപ്പാട്ടുകൾ ,സബീന പ്പാട്ടുകൾ, മാപ്പിളപ്പാട്ടിന്റെ ഭാഗമായുണ്ട്. രിഫാഈ മാല, മഞ്ഞക്കുളം മാല , നഫീസത്ത് മാല, ......
പ്രസവം ലഘൂകരിക്കാൻ വേണ്ടി സ്ത്രീകൾ മുസ്ലിം വീടുകളിൽ പണ്ടുകാലങ്ങളിൽ നഫീസത്ത് മാല പതിവാക്കിയിരുന്നു.
കേരളത്തിൽ ഒരു പാട് ഗാന ശാഖകളുണ്ട്
നാടൻ പാട്ട്, പാണരെ പാട്ട് , തെക്കൻ പാട്ട്, വടക്കൻ പാട്ട് . എന്നാൽ മാപ്പിളപ്പാട്ട് മാത്രമാണ് ഇത്ര ജനകീയമായത് മാപ്പിളപ്പാട്ട് കൈ വെക്കാത്ത മേഖലകളില്ല സങ്കടത്തിൽ, സന്തോഷത്തിൽ . സമരങ്ങളിൽ, ചരിത്രങ്ങളിൽ, ഇവയെല്ലാം ആവിശ്കരിച്ച ജീവിത നേർക്കാഴ്ച്ചയാണ് മാപ്പിളപ്പാട്ട് .
ഒരു മണിക്കൂർ പ്രഭാഷണത്തേക്കാൾ അഞ്ചു മിനുറ്റുള്ള പാട്ടുകൾ മനുഷ്യ മനസ്സുകളിൽ സ്വാധീനം ചെലുത്തുമെന്നാണ് പറയപ്പെടുന്നത്.
ഇസ്ലാമിക വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്തിരുന്ന മാപ്പിളപ്പാട്ടിനെ മറ്റു വിഷയങ്ങളിലൂടെ ജനകീയമാക്കിയ ഒരു പാട് കവി കളുണ്ട്. പുലി കോട്ടിൽ ഹൈദറിർ അതിൽ പ്രഥാനിയാണ്. മറിയക്കുട്ടി കത്ത് പാട്ട്, കാളപൂട്ട്, വെള്ളപ്പൊക്ക മാല, നരി നായാട്ട് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളാണ്
1970 മുതൽ 2000 കാലഘട്ടമാണ് ജനകീയ മാപ്പിളപ്പാട്ടുകൾ പിറവിയെടുത്ത തെന്ന് പറയാം.വി.എം കുട്ടി , പീർമുഹമ്മദ്, എരഞ്ഞോളി മൂസക്ക , പള്ളിക്കൽ മൊയ്തീൻ, K S മുഹമ്മദ് കുട്ടി, MP ഉമ്മർ കുട്ടി, ഹമീദ് ശർവാനി, തുടങ്ങി ഒട്ടേറെ മാപ്പിളപ്പാട്ട് ഗായകർതിളങ്ങി നിന്ന കാലം. അവർക്ക് വേണ്ടി പാട്ടുകൾ രചിച്ചു നൽകിയിരുന്ന പി.ടി അബ്ദുറഹ്മാൻ , പ്രേ സൂറത്ത്, പക്കർ പന്നൂർ, OM കരുവാരക്കുണ്ട് , കാനേഷ് പൂനൂര്,ബാപ്പു വെള്ളിപ്പറമ്പ്, ഹസ്സൻ നെടിയനാട്, അഷ്റഫ് പുളിക്കൽ, ബാപ്പു വാവാട്, തുടങ്ങിയ മാപ്പിള കവികൾ . ഈ കാലഘട്ടത്തിൽ തന്നെ ഹിന്ദി ട്യൂണുകൾ കടമെടുത്ത് മാപ്പിള ഗാനങ്ങൾ ഒരുക്കിയ തിരൂരങ്ങാടിക്കാരായകെ.ടി മൊയ്തീനേയും, കെ.ടി മുഹമ്മദിനേയും ഈ സമയം സ്മരിക്കേണ്ടതുണ്ട് , ഒന്നോ രണ്ടോ പാട്ടുകൾ എഴുതി പ്രശസ്തരായ കവികളും കൂട്ടത്തിലുണ്ട് അതിൽ പ്രധാനിയാണ് സംകൃത പമ കരി എഴുതിയ വാഴപ്പള്ളി മുഹമ്മദ് .
വട്ടം കറങ്ങുന്ന ഗോളങ്ങൾ - വിണ്ണിൽ
വെട്ടി തിളങ്ങുന്ന താരങ്ങൾ - മണ്ണിൽ
വെട്ടം ചൊരിയുന്ന ദ്വീപങ്ങൾ
പൊട്ടിത്തകരാതെ മുട്ടിപ്പിളരാതെ
സൃഷിട്ടിച്ച തീ മണ്ണിലാരാണ് ?.....
മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ കൂട്ടമെന്നോണം
വിണ്ണിലിരുന്ന് വികൃതികളിക്കും താരങ്ങൾ
മണ്ണിനു മീതെ ദീപാലംകൃതമായൊരു മംഗല പന്തൽ
തന്നിൽ കെടാതെ കറങ്ങി തിളങ്ങും ഗോളങ്ങൾ ....
അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച്
യുകെ . അബൂസഹ്‌ലയുടെ വരികളാണിത് ഇത്തരത്തിലുള്ള
ജനകീയമായ മാപ്പിളപ്പാട്ടുകളോടാണ് ഇന്ന് ഏറെ പ്രിയം. മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന വരികളും സംഗീതവും മാപ്പിളപ്പാട്ടിനെ വേറിട്ട് നിർത്തുന്നു. ഭക്തിയും , ഉപദേശങ്ങളും, ഉദ്ബോധനവും, .മത സൗ ഹാർദ്ദവും, പ്രണയവും , മദ്ഹും .( നബി കീർത്തനം) വിരഹവും , രാഷ്ട്രീയവും എല്ലാം ഇന്നും മാപ്പിളപ്പാട്ടിന് വിഷയങ്ങളാണ്.
നിത്യവും പൊള്ളുന്ന കണ്ണുനീർ വീണെന്റെ
നിസ്കാരപ്പായ പൊതിർന്നു പോയെ - ഞാനെൻ
നിയ്യത്തിലെന്നെ മറന്ന് പോയേ.....
മറിമായത്തിന്റെ ദുനിയാവ് കണ്ടിട്ട്
മറിയാതിരിക്കാൻ കനിവ് നീട്ട് - റബ്ബേ
മരണ നേരത്ത് സുബർക്കം കാട്ട് ....
ബാഷ അറിയാത്തവർക്ക് പോലും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ഇത്തരത്തിലുള്ള ധാരാളം പാട്ടുകൾ മാപ്പിളപ്പാട്ടിലുണ്ട്
ഓത്തുപള്ളിയിലോതിയില്ലാ എങ്കിലുമാ ബാലൻ
ഓർത്തിടാതെ പോലുമൊറ്റ കള്ളമോതിയില്ലാ
നേരു മാത്രം ചൊന്നതാലെ സത്യവാനാം ബാലൻ
നേടി അൽ അമീന തെന്ന ഖ്യാതി സത്യശീലൻ
ഓമനാ മുഹമ്മദിനെ ഓത്തിനയച്ചില്ല
ഓമനിക്കാൻ ബാപ്പ വേണം ബാപ്പ ജീവിപ്പില്ല...
ഓ ആബുസാഹി ബിന്റെ ഈ പാട്ട് കേൾക്കാത്തവർ ആരു മുണ്ടാവില്ല ,
മുത്ത്നബിയെ കുറിച്ചാണ് കൂടുതൽ കവികളും തൂലിക ചലിപ്പിച്ചത്.
പതിനാല് നൂറ്റാണ്ട് പിമ്പെന്തിന്
പാരിൽ ഞാൻ പാപി പിറന്ന് വീണു
പുണ്യ റസൂലിന്റെ പത പങ്കജം
പതിയാത്ത മണ്ണിൽ പിറന്നു വീണു
ഇനിയുമെത്ര പാട്ടുകൾ നാം മനസ്സിൽ മൂളി നടക്കുന്ന ഖൽബിന്റെ ഉള്ളറകളിൽ സൂക്ഷിച്ച
ഇശലുകൾ. ചരിത്ര രേഖകളിൽ ഇടം പിടിച്ച മാപ്പിളപ്പാട്ടുകൾ. എഴുതിയാലും പറഞ്ഞാലും തീരാത്ത ബഹർ പോലെ പരന്ന് കിടക്കുകയാണ് മാപ്പിളപ്പാട്ട് ഗാന ശാഖ അതിൽ നിന്നും ഒരിറ്റു മാത്രമാണ് ഇവിടെ കുറിച്ചത്.
ശിഹാബ് കാരാപറമ്പ്
Comments
Post a Comment